ആറളം (കണ്ണൂർ): ആറളം ഫാം ഒരിക്കൽ പോലും പൂർണമായി കണ്ടിട്ടില്ലാത്ത കണ്ണൂർ ജില്ലാ കലക്ടർ കൃഷി വിപുലീകരണത്തിൻ്റെ പേരിൽ ഫാം ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നു എന്ന ആരോപണം തള്ളി ഫാം എംഡിയുടെ വിശദീകരണമെത്തി. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തെ തുടർന്ന് പി.പി.ദിവ്യക്കൊപ്പം കലക്ടർ അരുൺ കെ വിജയനും ആരോപണ വിധേയനായതിന് തൊട്ടു പിന്നാലെയാണ് ആറളം ഭൂമി വിവാദവും ഉയർന്നത്. ഇതിനെ തുടർന്നാണ് എംഡി വിശദീകരണവുമായി രംഗത്ത് വന്നത്.
ആറളം മേഖലയിൽ 2004ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ കൃഷിയിടമായി നിലനിർത്തിയ പ്രദേശത്ത് വിവിധ പ്രതിസന്ധികൾ മൂലം പൂർണമായി കൃഷിക്കായി ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും ഫാമിൽ തരിശായി കിടക്കുന്ന ഭൂമി കർഷക സംരംഭ സഹകരണത്തിലൂടെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നാണ്യവിളകൃഷികളിലൂടെ ഫാമിന് വരുമാനവും ആദിവാസി സമൂഹത്തിലെ തൊഴിലാളികൾക്ക് തൊഴിലും ഉറപ്പാക്കുന്നതിനായാണ് ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റഡ് തീരുമാനം എടുത്തതെന്നും മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രഹി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാർഷിക സംരംഭക സഹകരണ പദ്ധതികൾ നടപ്പിലിക്കാൻ താൽപര്യ പത്രങ്ങൾ പരസ്യമായി ക്ഷണിച്ചതിനുശേഷം ഫാം മുന്നോട്ടുവെച്ച ഉപാധികളുമായി സഹകരിക്കാൻ തയ്യാറായ കാർഷിക സംരംഭങ്ങളുമായി ഹ്രസ്വകാല-ദീർഘകാല സഹകരണ പദ്ധതിക്ക് ഉടമ്പടികളാണ് ഇപ്പോൾ വെച്ചിട്ടുള്ളത്. നിലവിലുള്ള സർക്കാർ ചട്ടങ്ങൾ പാലിച്ചു കൊണ്ട് ഫാം ഭൂമിയിൽ കൃഷി നടപ്പാക്കാനുള്ള അനുമതി മാത്രമാണ് ഉടമ്പടി വഴി നൽകുന്നത്. പാട്ടം, ലീസ് എന്നിങ്ങനെയുള്ള യാതൊരു വ്യവസ്ഥകളും മുൻനിർത്തി ഒരു ഉടമ്പടിയും വെച്ചിട്ടില്ല. ഫാം ഭൂമിയുടെ അധികാരം പൂർണമായും ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റഡിന് തന്നെയാണ്. ആകെ തൊഴിലിന്റെ 70 ശതമാനം ആദിവാസി വിഭാഗങ്ങൾക്ക് നൽകണമെന്ന് അനുമതി പത്രത്തിൽ പ്രത്യേകം നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം അര ലക്ഷത്തിലധികം തൊഴിൽ ദിനങ്ങളും അധികമായി ലഭിക്കും. കാർഷിക വരുമാനത്തിന്റെ നിശ്ചിത തുക മിനിമം ഗ്യാരന്റിയാക്കിയാണ് ഫാം മാനേജ്മെന്റ് ഉടമ്പടി ഒപ്പുവെച്ചിട്ടുള്ളത്. ഫാമിന്റെ നിലവിലുള്ള കൃഷിയിടങ്ങളും ഭൂമിയും സർക്കാർ ഗ്രാന്റുകളും പദ്ധതികളും ലഭ്യമാക്കി നേരിട്ട് സംരക്ഷിക്കുകയും പുഷ്ടിപ്പെടുത്തുകയും വൈവിധ്യവത്കരണം നടപ്പാക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ നിലവിൽ തരിശായ ഭൂമി കാർഷിക സംരംഭക സഹകരണ പദ്ധതി വഴി വരുമാനദായകമാക്കുകയും ആദിവാസികൾക്ക് തൊഴിൽസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ആറളം ഫാമിങ് കോർപറേഷൻ കേരള ലിമിറ്റഡ് നടത്തുന്നതെന്ന് എംഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Aralam Farm MD denied the allegation. Netotam to justify the collector.